അഹമ്മദാബാദ്: ഗുജറാത്തിൽ ജെയ്ഷെ മൊഡ്യൂൾ സ്ഥാപിക്കാനും സംസ്ഥാനത്തും രാജ്യത്തെ വിവിധഭാഗങ്ങളിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ട എട്ടു ഭീകരരെ പിടികൂടി. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകരരാണ് ഗുജറാത്തിൽ അറസ്റ്റിലായത്.
അഹമ്മദ് ഗജിവാല എന്ന അബു ഉബൈദ (19), ഇബ്രാഹിം ഘാഗ (30), മുദസിർ ഗാസിവാല (22), സക്കരിയ ദുരാനി മുഹമ്മദ് അമ്മർ (21), മുഫ്തി ഫൗജാൻ ദൗവ (40), മുഹമ്മദ് അമിൻ പാലൻപുരി (21), മുഹമ്മദ് അബ്ദുൾ സാവ്ദി (22), ബിലാൽ ദുരാനി ഘാഗ (18) എന്നിവരെ ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് (എടിഎസ്) പിടികൂടിയത്. ഇവർ ഗുജറാത്ത്, മധ്യപ്രദേശ് സ്വദേശികളാണ്.
പാകിസ്താനിലെ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടാണ് എട്ടുപേരും പ്രവർത്തിച്ചിരുന്നതെന്നാണ് എടിഎസ് വെളിപ്പെടുത്തിയത്. ഗുജറാത്തിൽ ജെയ്ഷെ പ്രവർത്തനം വിപുലീകരിക്കാനായിരുന്നു ശ്രമം. ഇതിനായി പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും ശ്രമിച്ചിരുന്നു. തീവ്രചിന്താഗതികൾ പ്രചരിപ്പിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കാനും പ്രതികൾ ശ്രമിച്ചിരുന്നതായും എടിഎസ് വ്യക്തമാക്കി.
പ്രതികൾക്കെതിരേ യുഎപിഎ പ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഇവരുടെ സാമ്പത്തിക സ്രോതസുകളടക്കം പരിശോധിക്കുകയാണെന്നും എടിഎസ് പറഞ്ഞു.